Friday, 9 December 2011

ചരിത്രം



ഒട്ടേറെ കലാ-സാഹിത്യ-സാംസ്ക്കാരിക നായകന്മാര്‍ക്ക് ജന്മം നല്‍കിയ പ്രദേശമാണ് ഈ പഞ്ചായത്ത്. ഈ പ്രദേശം മഹത്തായ ഒരു സാംസ്കാരിക പൈതൃകത്തിന്റെ ഉറവിടമാണ്. സംഘകാല ചരിത്രം തൊട്ട് കോലത്തിരി വരെ തുടരുന്ന രാജവംശങ്ങളുടെ സ്മാരകങ്ങള്‍ പേറുന്ന പ്രദേശമാണിത്. മഹാശിലസംസ്ക്കാര കാലം തൊട്ടുള്ള വിവിധ സാംസ്കാരിക കാലഘട്ടങ്ങളുടെ മുദ്രകള്‍ ഇവിടെ ചിതറിക്കിടക്കുന്നു.  ചരിത്രാതീതകാലം തൊട്ട് മാനവ സമുദായം കടന്നു വന്ന് ജീവിതത്തിന്റെ മുദ്രകള്‍ ആചാരങ്ങളില്‍,  അനുഷ്ഠാനങ്ങളില്‍, ജീവിതചര്യകളില്‍ ഇന്നും നിലനിര്‍ത്തുന്ന ജനാവലിയാണ് ഇവിടെ ഉള്ളത്. ആര്യ-ദ്രാവിഡ സംസ്ക്കാരങ്ങളുടെ കലര്‍പ്പും തനിമയുമുള്ള വിവിധങ്ങളായ ജീവിത രീതികള്‍ ഇന്നും ഇവിടെ നിലനില്‍ക്കുന്നു. ക്ഷേത്രങ്ങളും അവയോട് ബന്ധപ്പെട്ട ആര്യജന വീക്ഷണവും അവ വളര്‍ത്തിയെടുത്ത  കലകളും (കഥകളി, കൂത്ത് മുതലായവ) ഉത്സവങ്ങളും ഒരു ഭാഗത്ത്, ആദിവാസി ജീവിതവുമായി ബന്ധപ്പെട്ട് അധിനിവേശ ജനത വളര്‍ത്തിയെടുത്ത  തെയ്യം, പൂരക്കളി, കോല്‍ക്കളി, ആടിവേടന്‍, കോതാമൂരി, ഓണത്താറ്, കര്‍ക്കിടോത്തി തുടങ്ങിയവ മറ്റൊരു ഭാഗത്ത്. തികച്ചും ആദിവാസി കലകളെന്ന് പറയാവുന്ന മംഗലക്കളി, ചിമ്മാനക്കളി തുടങ്ങിയവ വേറൊരു ഭാഗത്ത്. ഗ്രാമീണ ജീവിതത്തിന്റെയും സംസ്ക്കാരത്തിന്റെയും ചൈതന്യം തുടിക്കുന്ന അനേകം നാടന്‍ കലാരൂപങ്ങളും നാടന്‍ പാട്ടുകളും  ജനജീവിതത്തിന്റെ ഭാഗമായിരുന്നു. തെയ്യം ആണ് അതില്‍ പ്രധാനം. തെയ്യം കലയ്ക്ക് ഉന്നതമായ  സ്ഥാനം നേടിക്കൊടുത്ത നിരവധി കലാകാരന്മാര്‍ക്ക് ജന്മം കൊടുത്ത പ്രദേശമാണ് കണ്ണൂര്‍. കുറത്തിയാട്ടം, ഗന്ധര്‍വ്വന്‍ പാട്ട്, കണ്ണേറ് പാട്ട്, വടക്കന്‍പാട്ട്, തച്ചുമന്ത്രം, കളംപാട്ട് തുടങ്ങി ഒട്ടനേകം നാടന്‍ സാഹിത്യരൂപങ്ങളും ഇവിടങ്ങളില്‍ നിലനിന്നിരുന്നു. ആയുര്‍വേദ വൈദ്യരംഗത്ത് ഇടവലത്ത് കണ്ണന്‍ വൈദ്യരെപ്പോലെ പ്രശസ്തരായ നിരവധി ആയുര്‍വേദ ആചാര്യന്മാരെയും, നാട്ടുവൈദ്യന്മാരെയും സംഭാവന ചെയ്ത പ്രദേശമാണിത്.  പുളിങ്ങോം മഖാം, സെന്റ് മേരീസ് ചര്‍ച്ച് ചെറുപുഴ, അയ്യപ്പക്ഷേത്രം-ചെറുപുഴ, ശങ്കരനാരായണക്ഷേത്രം പുളിങ്ങോം എന്നിവ ഇവിടുത്തെ ഏറെ പഴക്കമുള്ള പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഇവിടങ്ങളില്‍ പണ്ടുമുതല്‍ തന്നെ ഉത്സവങ്ങള്‍ കൊണ്ടാടുന്നുണ്ട്. ആമന്തറ കുഞ്ഞിരാമന്‍, എം.എം.വര്‍ഗ്ഗീസ് എന്നിവര്‍ സ്വാതന്ത്ര്യസമരരംഗത്തെ പ്രമുഖരാണ്.  കുത്തൂര്‍ കണ്ണന്‍ (വൈദ്യര്‍), ജോബി ജോസഫ് (വോളിബോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍), പെരിയാരത്ത്കൃഷ്ണന്‍ (കര്‍ഷകസമരം), ടി.പി.കുഞ്ഞിക്കണ്ണന്‍ (രാഷ്ട്രീയം), കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ (രാഷ്ട്രീയം), കരുണാകരന്‍ (നാടകം) എന്നീ വിവിധ മേഖലകളില്‍  പ്രശസ്തരായവര്‍  ചെറുപുഴയെ പുറം ലോകത്തിനു പരിചയപ്പെടുത്തിയവരാണ്. എക്കാലത്തും കലാ സാംസ്കാരിക മേഖലയെ പ്രോത്സാഹിപ്പിച്ച കണ്ണൂര്‍ ജനത നാദബ്രഹ്മ കലാക്ഷേത്രം, കലാസദനം ചെറുപുഴ, നൃത്തശ്രീ ചെറുപുഴ എന്നീ  കലാസ്ഥാപനങ്ങള്‍ വഴി ഇന്നും പഞ്ചായത്തിന്റെ യശസ്സ്  ഉന്നതിയിലെത്തിക്കുന്നു.

No comments:

Post a Comment