കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ പയ്യന്നൂര്‍ ബ്ളോക്കിലാണ് ചെറുപുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബര്‍ 2-അം തീയതി രൂപീകൃതമായ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 75.64 ചതുരശ്ര കിലോമീറ്റര്‍ ആണ്. ചെറുപുഴ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് കര്‍ണ്ണാടക സംസ്ഥാനം, ഉദയഗിരി, ആലക്കോട് ഗ്രാമപഞ്ചായത്തുകള്‍, വടക്ക് കര്‍ണ്ണാടക സംസ്ഥാനം, ഈസ്റ്റ് എളേരി (കാസര്‍കോഡ്) ഗ്രാമപഞ്ചായത്ത്, തെക്ക് ആലക്കോട് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് പെരിങ്ങോം-വയക്കര, ആലക്കോട്, ഈസ്റ്റ് എളേരി (കാസര്‍കോഡ്) ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. കുന്നുകളും ചെരിവുപ്രദേശങ്ങളും വിശാലമായ താഴ്വരകളും തീരസമതലങ്ങളും ചതുപ്പുനിലങ്ങളും കണ്ടല്‍പ്രദേശങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈ സങ്കരഭൂമി. വാനംമുട്ടെ തലയുര്‍ത്തിനില്‍ക്കുന്ന കൊട്ടത്തലച്ചിമലയും ചരിത്രപ്രസിദ്ധമായ ഏഴിമലയും രാജവംശങ്ങളുടെ പോര്‍ക്കളത്തിന്റേയും സന്ധിസംഭാഷണങ്ങളുടേയും മൂകസാക്ഷിയായി നില്‍ക്കുന്ന മാടായിപ്പാറയും അനവദ്യസുന്ദരങ്ങളായ കാഴ്ചകളാണ്. പ്രകൃതിരമണീയമായ ഈ ഭൂപ്രദേശം വിനോദസഞ്ചാരികളുടെ പറുദീസയാണ്. കുന്നുകളുടെയും താഴ്വരകളുടെയും നാടാണ് ചെറുപുഴ. സമുദ്രനിരപ്പില്‍ നിന്നും ആയിരം മീറ്റര്‍ വരെ ഉയരമുള്ളതും വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ സമൃദ്ധവുമായ ഭൂപ്രദേശമാണ് ചെറുപുഴ. കാര്‍ഷിക പ്രാധാന്യമുള്ള പഞ്ചായത്ത് പ്രദേശങ്ങളില്‍ വിവിധങ്ങളായ ഭക്ഷ്യനാണ്യവിളകള്‍ കൃഷി ചെയ്തുവരുന്നു. പ്രകൃത്യായുള്ള തോടുകളും അരുവികളും മറ്റു ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമാണ് പഞ്ചായത്ത് പ്രദേശം. കോക്കോട്ട് രാജവംശത്തിന്‍ കീഴിലായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് ചെറുപുഴ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തട്ടുമ്മല്‍ ഗുഹയും പുളിങ്ങോത്തിനടുത്തുള്ള അമ്പലംപള്ളിയും, പ്രാപ്പൊയിലിനടുത്തുള്ള കൂലോത്തുംപൊയിലും ചെറുപുഴയുടെ സാസ്കാരിക മഹത്വം ഉയര്‍ത്തിക്കാട്ടുന്നവയാണ്. പല വഴികളില്‍ നിന്ന് വന്ന് പലയിടങ്ങളില്‍ ഒത്തുചേര്‍ന്ന് ചെറിയ പുഴയായി ഒഴുകി വലിയ പുഴയോട് ചേരുന്ന സംഗമസ്ഥാനമാണ് ചെറുപുഴ. പുഴകളുടെയും മലകളുടെയും കൊച്ചു ഗ്രാമമാണ് ചെറുപുഴ. കുടകുമലയില്‍ നിന്നും ഉത്ഭവിച്ച് അരുവികളെയും തോടുകളെയും സ്വീകരിച്ച് ധന്യമായിഒഴുകി അറബിക്കടലില്‍ പതിക്കുന്ന വലിയ പുഴയാണ് കാര്യങ്കോട് പുഴ. കൊട്ടത്തലച്ചി, ചട്ടിവയല്‍, മരുതുംപാടി, മുതുവം തുടങ്ങിയ മലമടക്കുകളില്‍ നിന്നും കിനിഞ്ഞിറങ്ങി പല വഴികളില്‍ വന്ന് പലയിടങ്ങളില്‍ വച്ച് ഒത്തു ചേര്‍ന്ന് ചെറിയ പുഴയായി ഒഴുകി വലിയ പുഴയോട് ചേരുന്ന സംഗമ സ്ഥലത്തിന് പഴമക്കാര്‍നല്കിയ ഓമന പേരാണ് “ചെറുപുഴ”. മലനാടിനോട് ചേര്‍ന്ന് കിടക്കുന്ന, കുന്നിന്‍ ചെരിവോട് കൂടിയ, കാഴ്ചക്കാരന് സുന്ദര ദൃശ്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു മലയോര പ്രദേശമാണ് ചെറുപുഴ.
No comments:
Post a Comment